ഒരു സഹപ്രവർത്തകന്റെ അനുഭവമാണ് താഴെ കുറിക്കുന്നത്.
എങ്ങനെയോ ഞങ്ങളുടെ അന്നത്തെ സംസാരം ചുറ്റിത്തിരിഞ്ഞ് കാലിൽ ഉണ്ടാകുന്ന ആണിയെപറ്റിയായി . അപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവം അദ്ദേഹം വിവരിച്ചത്.
"കുറച്ചു വര്ഷങ്ങള്ക്ക് മുന്പാണ് -ഒരു ദിവസം പാദം നിലത്തു ചവിട്ടുമ്പോൾ ഒരു വേദന.ആണിയെപറ്റിയുള്ള ചിന്തകള് ഒന്നും ഏഴയലത്ത് വരാത്തതിനാൽ അത് അത്ര കാര്യമായി എടുത്തില്ല.പഷേ രാത്രി പാദം പരിശോദിച്ചപ്പോൾ എനിക്ക് മനസ്സിലായി ആണി വരുന്നതാണെന്ന്. പക്ഷെ അത്ര വേദന ഇല്ലാത്തതിനാലും വന്ന ആണി ഏതാണ്ട് പാദത്തിന്റെ മധ്യ ഭാഗത്തായിരുന്നതിനാലും അത്ര കാര്യമാക്കിയില്ല. പക്ഷെ ദിവസം ചെല്ലുന്തോറും വേദന കുറേശെ കൂടി വന്നു. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഒരു ആണിയുണ്ടായിരുന്നത് ഏകദേശം പതിനൊന്നു ആണികളായി പാദം മുഴുവൻ വ്യാപിച്ചു. മൂന്നാം മാസത്തോടെ അടുത്ത കാലിലേക്കും രോഗം പടര്ന്നു.
ആണികളുടെ എണ്ണം കൂടിയതിനനുസരിച്ച്ചു വേദനയും നടക്കാനുള്ള ബുദ്ധിമുട്ടുകളും കൂടി കൂടി വന്നു.ഏതാണ്ട് മൂന്നു മാസം നാല് മാസം ആയപ്പോഴേക്കും തീരെ നടക്കാൻ വയ്യ എന്നായി "
എഴുതി തുടങ്ങുമ്പോഴേ പറയേണ്ട, എന്നാൽ ഇവിടെ ഞാൻ മറന്നുപോയ ഒരു കാര്യം ഏതാണെന്ന് വെച്ചാൽ, പ്രസ്തുത സംഭവം നടക്കുന്നത് നാട്ടിൽ അല്ല -ഗൾഫിലാണ്. ഈ സുഹൃത്ത് (നാല്പ്പതെട്ടു വയസോളം ഉള്ള ആളാണ് )അബുദാബിയിൽ ഒരു കടയിൽ ആണ് അന്ന് ജോലി നോക്കുന്നത്.ഇരിക്കാൻ അനുവാദമില്ലാത്ത കടയിൽ ആണി രോഗമുള്ള ഒരാൾ ജോലി ചെയ്യുന്നത് നിങ്ങള്ക്ക് സങ്കൽപ്പിക്കാം .തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിനു അന്നത്തെ അവസ്ഥയിൽ ഗൾഫിലെ ഏതേലും ആശുപത്രിയിൽ ഇതിനുള്ള ചികിത്സ തേടുക അചിന്ത്യവും ആയിരുന്നു.
" അങ്ങനെ വേദന കടിച്ചു പിടിച്ചു ജോലി ചെയ്യുന്നതിനിടെയാണ് പരിചയമുള്ള ഒരു ഡോക്ടർ എന്റെ കടയിൽ വന്നത്. ഞാൻ അദ്ദേഹത്ത്ട് കാര്യം പറഞ്ഞു. എന്റെ പാദം കാണിക്കാൻ പറഞ്ഞ ഡോക്ടർ അത് കണ്ട ഉടനെ പറഞ്ഞു-എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോയി ചികിത്സ തേടാൻ. വെക്കേഷനു പോകാൻ ഏതാനും ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ഇനി ഏതായാലും അവിടെ പോയിട്ടാകം ചികിത്സ എന്ന് തീരുമാനിച്ചു. പഷേ അപ്പോഴേക്കും പൂർണമായിട്ടും നടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. അഥവാ നടക്കണമെങ്കിൽ കാലുകൾ കവച്ചു വെച്ചു പാദത്തിനു ബലം കൊടുക്കാതെ സാവധാനം മാത്രമേ നടക്കാൻ കഴിഞ്ഞുള്ളൂ.
വെക്കേഷന് നാട്ടിലേക്ക് വിമാനം കയറി. എയർപോർടിൽ അനുജനും കുടുംബവും വന്നിരുന്നു.ഒരു ട്രോളിയിൽ ലഗേജും കയറ്റി ചിരിച്ചുകൊണ്ട് വരുന്ന എന്നെ പ്രതീഷിച്ച അവരുടെ മുന്പിലെക്ക് വളരെ സാവധാനം വേദന കടിച്ചമർത്തി ഞാൻ എത്തി. അവരുടെ അന്ധാളിപ്പ് നിറഞ്ഞ ചോദ്യത്തിന് ഉത്തരമായി ഞാൻ എന്റെ സോക്സ് മാറ്റി പാദം അവനെ കാണിച്ചു.
അത് കണ്ട പാടെ ഡോക്ടറെ കണ്ടിട്ട് വീടിലേക്ക് പോയാല മതിയെന്ന് തീരുമാനിച്ചു.അങ്ങനെ പേര് കേട്ട ഒരു ഹോമിയിപ്പതി ഡോക്ടറെ പോയി കണ്ടു, അദേഹം കുറെ ഒയിന്മേന്റുകളും ഗുളികകളും തന്നു. ഒരാഴ്ച കഴിഞ്ഞിട്ടും വേദന കൂടുന്നതല്ലാതെ കുറയുന്നില്ല. വീണ്ടും ഡോക്ടറെ കണ്ടു. അദ്ദേഹം വേറെ എന്തൊക്കെയോ ഗുളികകൾ തന്നു.പക്ഷെ ഫലം തദൈവ . അപ്പോഴേക്കും എന്റെ അവസ്ഥ തീര്ത്തും മോശമായി.എട്ടു മാസം പ്രായമുള്ള എന്റെ കുഞ്ഞിനെ എടുത്ത് രണ്ടു നിമിഷം പോലും നില്ക്കാൻ പറ്റാതായി . കിടപ്പിലായിപ്പോകുംമോ എന്ന് വരെ ഞാൻ ഭയന്നു .ആണി ഒരിക്കലും മരണകാരണമായ ഒരു രോഗമല്ല, പക്ഷെ അപ്പോൾ എന്റെ അവസ്ഥ ചത്തതിനു തുല്യം ആയിരുന്നു.
ഹോമിയോപ്പതിയിലുള്ള വിശ്വാസം ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു. അപ്പോഴാണ് തലശേരിയിലെ പ്രശസ്തയായ സ്കിൻ സ്പെഷളിസ്റിനെ കാണിക്കാൻ സുഹൃത്തുക്കൾ ഉപദേശിച്ചത് .അവരുടെ ക്ലിനിക്കിലെത്തി എന്റെ പാദം കാണിച്ചതും ഡോക്ടർ എന്റെ നേരെ പൊട്ടിത്തെറിച്ചു . എന്ത് കാണിക്കാനാണ് ഈ അവസ്ഥയിൽ ഇങ്ങോട്ട് കൊണ്ടുവന്നെത് എന്നായിരുന്നു അവരുടെ ചോദ്യം. ഇതിനു ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്നും എത്രയും പെട്ടെന്ന് കോഴിക്കോട്ടു ഏതേലും നല്ല ആശുപത്രിയിൽ പോയി ഓപ്പറേഷൻ ചെയ്യാനും അവർ നിര്ധാഷിന്യം പറഞ്ഞു.അതോടെ ഞാൻ ആകെ തളര്ന്നു. ഒരു പാദത്തിൽ പതിനോന്നോളവും അടുത്തതിൽ ആറോളവും ആണികൾ -ഇത്രയും ആണികൾ ഓപ്പറേഷൻ ചെയ്ത് നീക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ എന്റെ സപ്ത നാഡികളും തളര്ന്നു.
എങ്ങനെയായാലും അടുത്ത ദിവസം കോഴിക്കോട് പോകാൻ തീരുമാനിച്ചു. കാരണം അവധി തീരാൻ ഇനി രണ്ടു ആഴ്ചകൾ മാത്രമേ ഉള്ളു. അങ്ങനെയിരിക്കെ ആണ് എന്റെ പഴേ ഒരു ചങ്ങാതി കാണാൻ വന്നത്. ഗൾഫിലെ ജോലി നഷ്ട്ടപെട്ടതിനാൽ എന്റെ അനിയന്റെ ഹോട്ടലിൽ ഒരു ജോലി അദ്ദേഹത്തിന് തരപ്പെടുത്തി കൊടുക്കണം എന്ന് പറയാൻ വന്നതായിരുന്നു ആൾ. അത് ഞാൻ അനിയനോട് പറയുകയും അവൻ സമ്മതിക്കുകയും ചെയ്തു.അപ്പോഴാണ് അദ്ദേഹം നടക്കാനുള്ള എന്റെ ബുദ്ധിമുട്ട് ശ്രദ്ധിച്ചത്. കാര്യങ്ങൾ കേട്ട ചങ്ങാതി അപ്പോൾ അദ്ദേഹത്തിന്റെ വീടിന്റെ അടുത്തുള്ള ഒരു ആണി രോഗ ചികിത്സകന്റെ കാര്യം പറഞ്ഞു.ഒറ്റമൂലി ആണത്രേ.പഷേ അദ്ദേഹം ഗൾഫിൽ നിന്ന് വന്നു അധികം ആകാത്തതിനാൽ കൃത്യമായ വിവരം അറിയില്ല.പക്ഷെ അന്വേഷിച്ചിട്ട് പിറ്റേ ദിവസം വിളിക്കാമെന്ന് പറഞ്ഞു അദ്ദേഹം മടങ്ങി.
പിറ്റേ ദിവസം തന്നെ സുഹൃത്ത് വിളിച്ചു.
'ഒന്നും നോക്കണ്ട. ഇവിടേക്ക് പോരെ. ഇദ്ദേഹം വളരെയധികം പേരുടെ രോഗം ഇതിനോടകം മാറ്റിയിട്ടുണ്ട് '
'എനിക്ക് അധികം സമയം ഇല്ല. വെറുതെ മെനക്കെടുതലാകുമോ .ഇതിനോടകം കുറെ പേരെ ഞാൻ കണ്ടു .ഇനി നേരെ ഇന്ഗ്ലിഷ് മരുന്ന് നോക്കാം എന്നാണു ഞാൻ വിചാരിക്കുന്നത് ' എന്ന് ഞാൻ .
പക്ഷെ അദ്ദേഹം വീണ്ടും നിർബന്ധിച്ചു . അതിനു വഴങ്ങി അവിടേക്ക് തന്നെ പോകാൻ ഞാൻ തീരുമാനിച്ചു .പുലര്ച്ചെ ഏഴു മണിക്കാണ് സമയം തന്നിരിക്കുന്നത് . അതിനാൽ അതിരാവിലെ നാല് മണിക്ക് ഞങ്ങൾ പുറപ്പെട്ടു.
ഒരു പഴേ കടമുറി-അവിടെ വെച്ചാണ് അദ്ദേഹം പരിശോദിക്കുന്നത് . എന്റെ പാദം കണ്ടതിനു ശേഷം അദ്ദേഹം പറഞ്ഞു 'കുഴപ്പമില്ല.ആറു മാസമല്ലേ ആയുള്ളൂ. പഴകിയ ആണിയാണേൽ മാറ്റാൻ ബുദ്ധിമുട്ടാണ്. സമയമെടുക്കും.'
അദ്ദേഹം എന്തൊക്കെയോ പച്ച മരുന്നുകളെടുത്തു അരച്ചു പാദത്തിൽ വെച്ചു പ്ലാസ്ടർ കൊണ്ട് കവർ ചെയ്തു.
'വെള്ളം തൊടരുത്.ഒരു തുള്ളി വെള്ളം എങ്കിലും പറ്റിയാൽ തിരിച്ചു വരണ്ട.'
'കുളിക്കുകയെയില്ല ' എന്ന് ഞാൻ .
'ഇരുപത് ദിവസത്തോളം ഇങ്ങനെ ഇരിക്കണം.എന്നിട്ട് വീണ്ടും വരൂ.'
തിരിച്ചു കാറിൽ കയറി അര മണിക്കൂറു കഴിഞ്ഞപ്പോഴേ എന്റെ പാദങ്ങൾ ഉമിത്തീയിൽ ചവിട്ടിയത് പോലെ പൊള്ളാൻ തുടങ്ങി.കുറച്ചു കഴിഞ്ഞു മാറുകയും ചെയ്തു. അഞ്ചു ആറ് ദിവസം കഴിഞ്ഞപ്പോഴേ എന്റെ വേദന കുറഞ്ഞു വന്നു. ഇരുപതാമത്തെ ദിവസം വീണ്ടും അദ്ദേഹത്തെ കാണാൻ ചെന്നു .പ്ലാസ്റെർ അഴിച്ചു അദ്ദേഹം കൊടില് പോലുള്ള ഒരു ഉപകരണം കൊണ്ട് ഓരോ ആണികളായി പറിച്ചെടുത്തു.അപ്പോഴേക്കും അവ കരിഞ്ഞിരുന്നു . വലിയ ആണികൾ റിമൂവ് ചെയ്തപ്പോൾ കുറച്ചു അധികം രക്തം വന്നു. മാത്രമല്ല കുറച്ചധികം വേദനയും സഹിക്കേണ്ടാതായും വന്നു.
'പറിച്ചപ്പോൾ ഉണ്ടായ ദ്വാരങ്ങൾ ഒരു പയ്യെ അടഞ്ഞു പൊക്കോളും' അദ്ദേഹം പറഞ്ഞു.അപ്പോഴാണ് ഞാൻ പാദതിലെക്ക് നോക്കിയത്. നിറയെ ദ്വാരങ്ങൾ.
പഷേ അതിനു ശേഷം നടന്നപ്പോൾ തീരെ വേദന ഉണ്ടായിരുന്നില്ല .
പറിച്ച ആണികൾ അദ്ദേഹം എന്നെ കാണിച്ചു. ഏതാണ്ട് നമ്മുടെ ഇരുംപാണികൾ പോലെയുള്ളവ്വ.
'നടക്കുമ്പോൾ ഈ ആണികൾ തുരന്നു തുരന്നു വീണ്ടും അകത്തേക്ക് കയറും. അതാണ് നമുക്ക്ക് അസ്സഹ്യമായ വേദന അനുഭവപ്പെടുന്നത്.' അദ്ദേഹം വിശദീകരിച്ചു .
അതിനു ശേഷം ഇപ്പോൾ ഏതാണ്ട് നാല് വർഷത്തോളമായി . ഒരു പ്രശ്നവും വന്നിട്ടില്ല." അദ്ദേഹം പറഞ്ഞു നിർത്തി .
N.B: ഈർപ്പം ഈ ചികിത്സയുടെ ശത്രുവാണ് . അതിനാൽ മഴകാലത്തോ ചെറിയ മഴയുള്ളപ്പോഴോ അദേഹം ചികിത്സിക്കാറില്ല . ചികിത്സ ഫലിക്കില്ല എന്നതു തന്നെ കാരണം.
ഇത് കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ആരേലും ഉണ്ടേൽ ഈ പറഞ്ഞ ഡോക്ടറുടെ വിലാസം എന്റെ സുഹൃത്തിന്റെ കൈയിൽ നിന്നും ലഭ്യമാക്കാവുന്നതാണ്.